Friday, August 3, 2018

ആനിക്കുട്ടി

ആനിക്കുട്ടി


ഏറെ നാളുകൾക്കു ശേഷമാണ് നാട്ടിലേക്കു മടങ്ങുന്നത്.. കാറിലിരിക്കുമ്പോൾ ഷെറിൻ ആലോചിച്ചു.. അച്ഛനെ കണ്ട ഓർമ ഇല്ലാത്തതിനാൽ അമ്മയും ചേച്ചിയുമായിരുന്നു എന്നും തന്റെ ലോകം. ചേച്ചിയുടെ വിവാഹ ബാധ്യതകൾ ഏറിയപ്പോഴാണ് ഗൾഫ് സ്വപ്‌നം കണ്ടു തുടങ്ങിയത്.. പക്ഷെ ഗൾഫിൽ ഒരു ജോലി ആകുമ്പോഴേക്കും ചേച്ചിടെ കുട്ടിക്ക് വയസു രണ്ടായിരുന്നു.. ചേച്ചിടെ ഭർത്താവും ഒമാനിലാണ്.. അവിടെ തന്നെയാണ് തനിക്കും ജോലി ലഭിച്ചത്.. അമ്മയ്ക്കും ചേച്ചിക്കും ശേഷം തന്നെ ഇത്രയും സ്വാധീനിച്ച മറ്റൊരാൾ ഇല്ലായിരുന്നു.. അവനോർത്തു..


 കാർ വീടിനടുത്തുള്ള വളവിലേക്ക് തിരിഞ്ഞു.. അമ്മയും ചേച്ചിയും പുറത്തു കാത്തു നിൽപ്പുണ്ട്..അവൻ പതിയെ കാറിൽ നിന്നും ഇറങ്ങി.. രണ്ടു പേരും അവനെ കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു.. അവൻ പതിയെ സാധനങ്ങൾ ഒക്കെ ഇറക്കി. കാർ വാടക കൊടുത്തു അകത്തേക്ക് കയറി.. വീടിനു മാറ്റം ഉണ്ട്.. അവൻ സ്വയം ഒന്ന് പുഞ്ചിരിച്ചു. ആനി മോളെവിടെ.. അഹാനയെ അവൻ ആനി എന്നാണ് വിളിക്കുന്നത്.. അവൾക്കു ഇന്ന് ക്ലാസ് ഉണ്ടെടാ. രണ്ടിൽ ആയില്ലേ.. ഉം.. എത്ര പെട്ടെന്നാണ്  വർഷങ്ങൾ കടന്നു പോയത്.. അലോചനായിൽ മുഴുകി അങ്ങനെ ഇരുന്നു.. പെട്ടെന്ന് എന്തോ താഴെ വീണു.. ഫോൺ ആണ്.. സ്മാർട്ട് ഫോൺ അല്ലാത്തത് ഭാഗ്യം. ഇല്ലെങ്കിൽ ഇപ്പൊ ഡിസ്പ്ലേ മാറ്റാൻ ഒരു പതിനായിരം ആയേനെ.. കൂടെ താമസിക്കുന്നവർ ഒക്കെ മുപ്പതിനായിരത്തിന്റെയും നാല്പത്തിനായിരത്തിന്റെയും ഫോൺ വാങ്ങുമ്പോളും മറ്റും അവൻ ഓർക്കാറുണ്ട്.. തനിക്കും ഒരിക്കൽ അത്തരം ഒന്ന് വാങ്ങണമെന്ന്, പക്ഷെ വീട്ടിലേക്കു അയക്കുന്ന തുക കൂട്ടാൻ അല്ലാതെ ഒരിക്കലും സ്വന്തമായി ഒന്നും വാങ്ങാൻ അവനു കഴിഞ്ഞിരുന്നില്ല..


 ഗേറ്റ് കടന്നൊരു മാലാഖ തുള്ളിച്ചാടി വരുന്നതവൻ കണ്ടു.. ആനിക്കുട്ടി.. അവൻ ഓടിപ്പോയി അവളെ എടുത്തു.. ഫോണിൽ ആഴ്ചയിൽ ഒരിക്കൽ ഉള്ള ബന്ധമാണ് വീടുമായി. അതിൽ തന്നെ താൻ വിളിക്കുമ്പോ അവൾ ഉറക്കമായിരിക്കും മിക്കപ്പോഴും.. അതിന്റെ ഒരു അപരിചിതത്വം അവൻ അവളിൽ കണ്ടു.. അവൻ അവളെ മുകളിലേക്ക് ഉയർത്തിയപ്പോൾ അവൾ കുതറി.. അവൻ അവളെയും കൊണ്ട് കസേരയിൽ ഇരുന്നു തന്റെ മടിയിൽ ഇരുത്തി പണ്ട് ചെയ്യാർ ഉണ്ടായിരുന്ന പോലെ മേലൊക്കെ ഇക്കിളി ഇട്ടു.. പെട്ടെന്നവളുടെ ഭാവം മാറി.. അവൾ പിടഞ്ഞെഴുന്നേറ്റു. അവനെ തള്ളിമാറ്റിക്കൊണ്ടു അമ്മയെ വിളിച്ചു കരഞ്ഞു.. അവളുടെ നിലവിളി കേട്ട ചേച്ചിയും അമ്മയും ഉമ്മറത്തെക്കു ഓടി എത്തി.. പണ്ടൊക്കെ ഇക്കിളി എന്ന് കേട്ടാലെ ചിരിക്കുന്ന ആനി കുട്ടിയിലെ ഭാവ മാറ്റം ഷെറിനെ അമ്പരപ്പിച്ചു.. ചേച്ചി വന്നു അവളെ കോരി എടുത്തു.. എന്ത് പറ്റിയെടാ.. ഈ അങ്കിൾ ചീത്തയാ.. അവളെ ഇക്കിളി ഇട്ടതാ എന്ന് പറയാൻ തുടങ്ങുകയായിരുന്ന ഷെറിൻ ഇടി തട്ടിയ പോലെ ഇരുന്നു. ഹേൻ.. അവനിൽ നിന്ന് അറിയാതെ ഒരു ശബ്ദം ഉയർന്നു.. ഈ അങ്കിൾ എന്റെ മേല് മുഴുവൻ അനുവാദം ഇല്ലാതെ തൊട്ടമ്മേ.. ചേച്ചിയും അമ്മയും അവനെ നോക്കുന്ന രീതി കണ്ടു അവൻ അറിയാതെ എഴുന്നേറ്റു.. ഞാൻ ചെയ്യാത്ത തെറ്റിന് ഏൽക്കേണ്ടി വന്ന പഴി അവന്റെ ശിരസ് കുനിപ്പിച്ചു. കുറ്റബോധം കൊണ്ടെന്നവണ്ണം അവന്റെ മുഖം വാടി.. അവൻ നേരെ മുറ്റത്തേക്ക് ഇറങ്ങി നടന്നു. പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ അവനു തോന്നി പക്ഷെ തിരിഞ്ഞു നോക്കാൻ വയ്യ..


അവന്റെ മനസ്സ് അപമാന ഭാരത്താൽ നിലയില്ലാക്കയത്തിലേക്കു കൂപ്പു കുത്തി..


ഏറെ നേരമായി പുഴ വക്കിലെ ഇരിപ്പ് തുടങ്ങിയിട്ടു എന്തായാലും ഒരു ഒൻപതു മണി ആയിക്കാണും.. അവനു വീട്ടിൽ പോകാൻ തോന്നിയില്ല. പക്ഷെ അതെ സമയം താൻ തെറ്റ് ചെയ്തില്ലെന്ന് അവരെ ബോധിപ്പിക്കണമെന്നവന് തോന്നി.. മറ്റാർക്കും വേണ്ടി അല്ല തനിക്കു വേണ്ടി.. ഗേറ്റ് കടക്കുമ്പോൾ പടിക്കൽ കാത്തു നിൽക്കുന്ന ആനിക്കുട്ടി. അവന്റെ കാൽ വീണ്ടും നിശ്ചലമായി.. അമ്മേ ഷെറിൻ അങ്കിൾ.. അവൾ ഓടി തന്റെ മേലേക്ക് പാഞ്ഞു കേറുന്നത് അവൻ അത്ഭുദത്തോടെ നോക്കി.. അവളെയും എടുത്തു ഉമ്മറത്തെക്കു കയറുമ്പോൾ ചേച്ചി കണ്ണടച്ചു ഒന്നുമില്ലെന്ന്‌ കാണിക്കുമ്പോൾ അമ്മ കണ്ണീരൊപ്പുകയായിരുന്നു..
തന്ടെ നെഞ്ചോടു ചേർന്ന് അവൾ ഉറങ്ങും വരെ ആരും തങ്ങളെ ബുദ്ധിമുട്ടിച്ചില്ല.


 അവളെ കിടക്കയിൽ കിടത്തി പുതപ്പിക്കുമ്പോൾ പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് അവൻ തിരിഞ്ഞു.. ചേച്ചിയാണ്..


ചേച്ചി ഞാൻ അവന്റെ കണ്ഠമിടറി.. അവൾ അവനെ മാറോടു ചേർത്തു.. അവൻ അവളുടെ കുഞ്ഞനിയൻ ആയി മാറി..നീ ഒന്നും പറയണ്ടടാ.. നിന്നെ എനിക്കറീല്ലേ.. അവള് കുഞ്ഞല്ലേ.. അവളോട് അവളുടെ സമ്മതം കൂടാതെ ആരെയും കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ഒന്നും വിടരുതെന്നാ ഞാനും അവളുടെ ടീച്ചർമാരും ശീലിപ്പിച്ചിരിക്കുന്നെ.. അതാ നീ അവളെ കെട്ടിപ്പിടിക്കും ഇക്കിളി ഇടുകയും ഒക്കെ ചെയ്തപ്പോ അവൾ പ്രതികരിച്ചേ.. ഇന്നത്തെ കാലം അല്ലെടാ.. അവൾ അവന്റെ മുഖം ഉയർത്തി.. നിനക്ക് വിഷമം ഉണ്ടോ.. അവൻ ഇല്ലെന്നു തലയാട്ടി.. നിന്നെ ഞാൻ എത്ര വിളിച്ചു നീ എന്തെ നിൽക്കാണ്ട് പോയെ.. അമ്മ ചോദിച്ചു. ഞാൻ ആകെ വല്ലാണ്ട് ആയിപ്പോയി.. ഉം.. നീ പോയ ഉടൻ ഇവൾ നിന്നെ കുറിച്ച് അവൾക്കു പറഞ്ഞു കൊടുത്തു.  നിന്നോടൊരു സ്മാർട്ട് ഫോൺ വാങ്ങാൻ ഞാൻ എത്രയായി പറയുന്നു.. അങ്ങനെ ആണെങ്കിൽ ഇടയ്ക്കു ഒരു വീഡിയോ കോൾ ഒക്കെ ചെയ്താൽ നിന്റെ രൂപം എങ്കിലും അവൾക്കു മനസ്സിലായേനെ.. ചേച്ചി പറഞ്ഞു. ആദ്യം ഈ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടു.. ഉം അവനൊന്നു മൂളി. എന്നിട്ടു ദീര്ഘമായൊന്നു നിശ്വസിച്ചു.. അമ്മെ ചോറ് വിളമ്പു നല്ല വിശപ്പ്.. അവൻ അടുക്കളയിലേക്കു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.. അമ്മയും മകളും അത് കേട്ട് പരസ്പരം നോക്കി പുഞ്ചിരിച്ചു..


കുട്ടികളെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു വളർത്തുന്നതിന് കൂടെ തന്നെ അവരുടെ വഴിയിൽ കടന്നു വന്നേക്കാവുന്ന അപകട സാധ്യതകൾ മുൻകൂട്ടി കണ്ടു പരിഹരിക്കുക എന്നത് കൂടി ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്വമാണ്..  അവർക്കു മതിയായ സുരക്ഷ ഉറപ്പാക്കുക ഓരോ പൗരന്റെയും കടമയുമാണ്


ജിതേന്ദ്രിയ