Wednesday, July 18, 2018

പാഴ്‌നിറങ്ങൾ

പാഴ്‌നിറങ്ങൾ

അന്ന് നല്ല മഴയായിരുന്നു. കാലം തെറ്റി പെയ്ത മഴ.. നേരം ഏകദേശം ആറു മണി ആയിക്കാണും.. കാർമേഘം മൂലം ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു. എന്നാലും പീടികക്കോലായിൽ അവനുണ്ടാകും. അവളോർത്തു.. അവൾ വേഗം മുന്നോട്ടു നടന്നു.. ചുരിദാർ നനഞ്ഞു ഒട്ടിയിരുന്നു.. വീശിയടിച്ച പിശറൻ കാറ്റിൽ അവൾ വീണ്ടും ആകെ നനഞ്ഞു.. പീടികയിൽ ആരും ഇല്ലായിരുന്നു.. അവൾ മുന്നിട്ടേക്കു നടന്നു. വയൽ തുടങ്ങുന്നിടത്തുള്ള മുട്ടൻ വരിക്ക പ്ലാവിന്റെ അരികിൽ അവൻ നിൽക്കുന്നതവൾ കണ്ടു.. അവനോടൊന്നും മിണ്ടാതെ അവൾ നടന്നു പിന്നാലെ അവനും.വയൽ വരമ്പു കാണാനകാത്ത വിധം വെള്ളം കയറിയിരുന്നു.. അവളൊന്നു അറച്ചു നിന്നു.. ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു അതാണിത്രയും വെള്ളം. അവൻ പതുക്കെ അവളുടെ അരികിലൂടെ മുന്നോട്ടു നടന്നു.. അവന്റെ ദേഹം തട്ടാതിരിക്കാൻ അവളൊന്നു പിന്നോട്ട് മാറി. ചളിയിൽ അമർന്ന അവളുടെ കാലു തെന്നി. അവൻ അവളെ വീഴാതെ ചേർത്ത് പിടിച്ചു.. അവളെ നേരെ നിർത്തി പിന്നെ നിലത്തു വീണ കുട എടുത്തു അവൾക്കു കൊടുത്തു.  അവൻ മുൻപോട്ടു നടന്നു. പിന്നാലെ അവളും..

അവളവൻ നടന്നു നീങ്ങുന്നത് നോക്കി നിന്നു.. ബാല്യത്തിൽ നിന്നും യൗവ്വനത്തിലേക്കു ശരീരവും മനസ്സും കുതിച്ചു പാഞ്ഞപ്പോൾ കൂടെ കൂടിയവനാണ് മുൻപേ നീങ്ങുന്നത്.. കോളജിൽ വച്ചു കൂടുതൽ നല്ല കൂട്ടു കിട്ടിയപ്പോൾ അതിന്റെ മായിക വലയത്തിൽ പെട്ട് താനെ വഴി പിരിഞ്ഞൊരു ബന്ധം. ആദ്യമൊക്കെ ഒഴിഞ്ഞു നടന്നു, പിന്നെ കാണുന്നതെ ശല്യമായി.. എന്നാലും ഇത്രയും ഒഴിവാക്കി നടന്നിട്ടും ഇതുവരെ അവൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ല.. കൗമാരാദ്യത്തിൽ അവനോടു ഉണ്ടായിരുന്ന അസ്ഥിക്ക് പിടിച്ച പ്രണയം എങ്ങനെ നഷ്ടപ്പെട്ടെന്നു അവളൊന്നു ആലോചിച്ചു. ഞാൻ ഒഴിവാക്കിയ ശേഷവും അവനു തന്നോട് പ്രണയമായിരുന്നു. ഒരു മാറ്റവും ഇല്ലാത്ത പ്രണയം.. എത്രയോ വട്ടം അതവൻ പ്രകടിപ്പിച്ചതുമാണ്.. അവളോർത്തു.

വയൽ കടന്നിരിക്കുന്നു.. അവൻ പറമ്പിലേക്ക് കയറി. തിരിഞ്ഞു കൈ നീട്ടി.. സാധാരണ ഒറ്റക്കു വലിഞ്ഞു കയാറാറുള്ളതാണ് ഇന്ന് എന്തോ ആ കൈ പിടിക്കാൻ തോന്നി. അവൻ അവളെ വലിച്ചു കയറ്റി.. അവൾ തന്റെ വഴിയിലേക്ക് നടന്നു പിന്നൊന്നു തിരിഞ്ഞു നോക്കി അവൻ അവിടെ അവൾ പോകുന്നതും നോക്കി നിൽപ്പുണ്ട്.. അവൾ തിരിച്ചു വന്നു.. എന്നോട് ദേഷ്യമുണ്ടോ.. ഇല്ല. അവൻ ശിരസ്സു ചെറുതായൊന്നു അനക്കി.. എനിക്ക് ഒരു തെറ്റ് പറ്റി. ഞാൻ.. അവളെന്തോ പറയാൻ തുടങ്ങി പിന്നെ നിർത്തി. അവൻ അവളെ നോക്കി.. എനിക്ക് കോളേജിൽ ഒരാളോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. അതാ ഞാൻ പിന്നെ..   ഉം.. അവനൊന്നു മൂളി.. എനിക്കറിയായിരുന്നു, അവൻ പറഞ്ഞു ഞാൻ കണ്ടിട്ടുണ്ട് പല സ്ഥലത്തും വെച്ച്...   ഉം.. അതൊക്കെ കഴിഞ്ഞു.. അവൾ തല കുനിച്ചു.. എന്നെ ഇപ്പോഴും ഇഷ്ടമാണോ..  അവനൊന്നു ചിരിച്ചു. അരണ്ട വെട്ടത്തിൽ അതിന്റെ അർത്ഥം അവൾക്കു കണ്ടെത്താൻ ആയില്ല..   ആ പഴയ ഇഷ്ടം ഇന്നും ഉള്ളിൽ ഉണ്ടെങ്കിൽ..  അവൻ ഇല്ലെന്ന അർത്ഥത്തിൽ തല വെട്ടിച്ചു..  വേണ്ട.. ബോറാകും.. അവളെ മുഴുമിപ്പിക്കാൻ അവൻ സമ്മതിച്ചില്ല.. അവൾ അതിശയത്തോടെ അവനെ നോക്കി.. തന്റെ നോട്ടത്തിനും ഒരു ചിരിക്കുമായി കാത്തു നിൽക്കുന്നവനാണ്..  എന്ത് പറ്റി.. അവൾ അവനെ നോക്കി..

അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ഒരു വീഡിയോ പ്ലെ ചെയ്തവൾക്കു നൽകി.. അവളുടെ നഗ്നത അവൾ ആ വിഡിയോയിൽ വീണ്ടും കണ്ടു.. അവളുടെ മുഖം വിവർണമാകുന്നത് ഫോണിന്റെ ഡിസ്പ്ലേ ലൈറ്റിൽ അവൻ കണ്ടു.. ഇന്ന് ബ്രേക്ക് അപ്പ് ആയിരുന്നില്ലേ.. നീ കൊടുത്ത പണിക്കു അവൻ തിരിച്ചു ഒരു പണി തന്നിട്ടുണ്ട്.. ഇന്നാട്ടിൽ ഇനി ഇത് കാണാൻ ആരും ബാക്കി ഉണ്ടാകില്ല… എനിക്ക് ഒരു കാര്യത്തിലെ അതിശയം ഉള്ളൂ.. അവനെ ഒഴിവാക്കിയ ഇന്ന് തന്നെ ഞാൻ ഓക്കേ ആണെന്ന് നിനക്ക് തോന്നിയല്ലോ.. നാളെ എന്നെക്കാൾ നല്ലൊരുത്താൻ വരുമ്പോൾ വീണ്ടും ഞാൻ നാട്ടിൻ പുറത്തുകാരൻ കൂലിപ്പണിക്കാരൻ അല്ലേ..

ആരൊക്കെയോ വയൽ കടന്നു വരുന്നതവർ കണ്ടു.. അവൾ അവനെ നോക്കി.. നിന്റെ വീട്ടിലേക്കാണ്,. സതിയേച്ചി ഇതറിഞ്ഞ ഉടൻ വിഷം കഴിച്ചു.. നീ കോളേജിൽ നിന്നും ബ്രേക്ക് അപ് പാർട്ടിക്ക് നേരത്തെ ഇറങ്ങിയൊണ്ട്  നിന്നെ കൂട്ടിക്കൊണ്ടു വരാൻ വന്നവർ മടങ്ങി. പിന്നെ നിന്റെ ഫോൺ ഓഫ് ആയതു കൊണ്ടാണ് അറിയിക്കാൻ വൈകിയത്.. അവൾ അവനെ ആദ്യമായി കണ്ടപോലെ നോക്കി..  പൊയ്ക്കോ.. പോയി കാണ്. നിന്നെ പോലെ ഒന്നിനെ ജന്മം കൊടുത്തതിനു ഇതിൽ കൂടുതൽ അപമാനം അവർക്കു നീ നൽകാനില്ല..  ഈ പെയ്യുന്നതില്ലേ മഴയല്ല. നിന്നെ പോലെ ഉള്ള മക്കൾക്ക് ജന്മം നൽകിയത് കൊണ്ട് ആയുസ്സു ഒടുക്കേണ്ടി വന്ന അമ്മമാരുടെ കണ്ണീരാണ്… അവൻ തിരിഞ്ഞു നടന്നു .. അവളുടെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി.. അവളാ മഴയത്ത് ഒന്നാടി ഉലഞ്ഞു നിലത്തേക്ക് വീണു.. വയൽ വരമ്പിലൂടെ വന്നവർ ഓടി വന്നവളെ കോരി എടുത്തു വീട്ടിലേക്കു ഓടി..

തിരിഞ്ഞു നടക്കുമ്പോൾ അവൻ തന്റെ ഫോണെടുത്തു ആ വീഡിയോ ഡിലീറ്റ് ചെയ്തു..  ഒന്ന് ദീർഘ നിശ്വാസം ചെയ്തു അവൻ ആഞ്ഞു നടന്നു.. ഉള്ളിലെവിടെയോ ഏറെക്കാലമായി തണുത്തുറഞ്ഞു കിടന്നിരുന്ന നഷ്ട പ്രണയത്തിന്റെ മങ്ങിയ നിറങ്ങൾ വിങ്ങലുകളായി ഒരു മഴയായി അവന്റെ കണ്ണിലൂടെ പെയ്തിറങ്ങി.. .  പ്രകൃതി അപ്പോഴും കണ്ണീർ വാർക്കുന്നുണ്ടായിരുന്നു... .

ജിതേന്ദ്രിയ

No comments: